Friday, May 22, 2020

ഭ്രമണം


ഭ്രമണം 


        ആരാരുടെയും പകരമല്ലെന്നെല്ലാം
        ഓതുന്നതൊക്കെ വൃഥാവിലെന്നാണല്ലോ
        ഓരോരോ ജീവിതമോതുന്ന ഗാഥകൾ
        ഉദ്ബോധിപ്പിക്കുന്നു നമ്മളെയെന്നുമേ     
         
        ഞാനില്ലാതെയെൻ കാലമിതുരുളുമോ 
        എന്നയാകുലതകൾ എല്ലാം വെറുതെയാ-
        ണെന്നറിയിക്കുമാ മിന്നലറിവുകൾ
        ഏകുന്നതില്ലൊട്ടും ആശ്വാസമെന്നുമേ

        എല്ലാം  കണികകൾ തൻമാത്ര എന്നൊക്കെ 
        ശാസ്ത്രം പറഞ്ഞോട്ടെ ആശ്വാസവാക്കിനായ്
        ജീവനചക്രം മുന്നോട്ടുരുളുമ്പോൾ
        മായയാം ഭ്രമ്യാത്മകത തന്നെ സുഖം

                                                                                                         
                                                                                                                   ധന്യ. കെ. സി. 

ഗണനം


ഗണനം 

        മനകണക്കുകൾ ദൂരകണക്കുകൾ
        കൂട്ടി കൂട്ടി ഇരിക്കുവതെത്ര നാൾ

        കൂട്ടിയതൊക്കെ പിഴച്ചുവെന്നറിയുമ്പോൾ
        വീണ്ടും ഗണിച്ചു തിരുത്തുവാനൗത്സുക്യം

         ഓരോ തിരുത്തലും വെട്ടി തിരുത്തലും
        മേൽക്കു മേലായങ്ങു കാലമ്പ്യം കൊള്ളവേ
        ഇനിയുമൊരു ഗണനത്തിനാകാത്ത
        പ്രായമായെന്നുള്ള തോന്നലിനെ

        തോൽപിക്കുവാനുള്ള സ്ഥൈര്യമായുണരുന്നു
        പുതുതലമുറ നാമ്പുകൾ

                                                                                                                             ധന്യ. കെ. സി. 

മനസ്സ്




മനസ്സ്


        ഉള്ളിലുറങ്ങുന്ന എന്നെയുണർത്തുന്ന
        ഞാനെന്ന ബോധമാം എൻ മനസ്സ്

        നീയെന്നോ ഞാനെന്നോ നാമെന്നോ അറിയാതെ 
        എന്നുള്ളിൽ നിറയുന്നൊരാ വിചാരം

        ഞാനെന്ന ഭൗതിക രൂപത്തിലാണെന്നോ
        പ്രാപഞ്ചികമാകും  വൻമരത്തളിരെന്നോ

        ഒന്നുമറിയാതെ പേറി നടക്കുന്നൂ 
        എന്നുമെന്നാകിലും അറിയുന്നു ഞാൻ

        എൻ കൂടെ എന്നുമെൻ നിഴലെന്ന പോലുള്ള 
        നീ തന്നെയല്ലോ ഞാനെന്ന തത്വം


                                                                                                             
                                                                                                                      ധന്യ. കെ. സി. 

Thursday, May 21, 2020

മായാഭ്രമം

മായാഭ്രമം


കാഴ്ചയകലങ്ങളുടെ ദൂരദർശിനികളോ
കാഴ്ച കൂട്ടുന്നൊരീ സൂക്ഷ്മദർശിനിയിതോ

മാറ്റുന്ന കാഴ്ചകളും കാഴ്ചപ്പാടതും
മാറ്റുന്നില്ലഹം എന്ന സ്വത്ബോധത്തെ

ബോധവാതായനം തള്ളിതുറക്കുവാൻ
ആവുന്നില്ലയൊരു പഞ്ചേന്ദ്രിയത്തിനും

സമയമാം കാലമാം അറിവുകൾക്കേതിനും
അപ്രാപ്യമായൊരു ബോധസ്വത്വത്തിനെ

ഞാനെന്ന ബോധത്തെ വ്യതികരിച്ചറിയുവാൻ
ഇനിയെന്ത് എങ്ങിനെ എപ്പോൾ എന്നാകുലം

ഞാനിരിക്കെ ഞാനറിയുന്നു, അറിയുവാൻ
സാധിക്കയില്ലീ പ്രപഞ്ചത്തിലൊന്നുമെ

അതിലാദ്യം ഞാൻ തന്നെയെന്നയൊരറിവല്ലൊ 
ഭ്രമിപ്പിക്കുന്നു ബോധ അബോധ ദ്വയങ്ങളെ

ഉള്ളിൽ ഉണർന്നും ഉറങ്ങിയും
പോകെ തെളിഞ്ഞും പിന്നൊന്നു മങ്ങിയും

നിഴലു പോൽ ആടിയുലയുന്ന ഓർമ്മകൾ
എന്നെ ഞാനാക്കീടും എൻ്റെ കുഞ്ഞോർമ്മകൾ

ആദ്യത്തെ ഓർമയോ എന്നു തോന്നിപ്പിക്കും
പല പല തെളിച്ചങ്ങൾ കുഞ്ഞു സന്തോഷങ്ങൾ

സ്വപ്നമോ സത്യമോ എന്നേതുമറിയാതെ
എന്നും താലോലിക്കും കുഞ്ഞു നുറുങ്ങുകൾ

പേടിയായ് നൊമ്പരമായ് ആകുലതകളായ് വന്ന
പല നിമിഷങ്ങളും ഇന്നു നിറപുഞ്ചിരികൾ

പഴമയുടെ ചിത്രങ്ങൾ തെളിമയില്ലാത്ത ചിത്രങ്ങൾ
ഗന്ധങ്ങൾ തോന്നലുകൾ തിരിച്ചറിവിൻ്റെ നിമിഷങ്ങൾ

എല്ലാം പോയി മറഞ്ഞൊരാ കാലത്തെ
സമയമെന്നൊരു പേരിൽ അറിയുന്ന സത്യത്തെ

എന്തെന്നേതുമാർക്കും അറിയാത്ത സത്യത്തെ
ഞാനാകും നീയാകും നമ്മളാം ജീവൻ്റെ
കണികകളിൽ നിന്നെല്ലാം വേർ തിരിച്ചീടുന്ന

 ചെറിയൊരാ വലിയൊരാ വ്യൂഹത്തെ
 പരമമാം പരബ്രഹ്മമാം ശക്തിയെ

എന്നെന്നുമറിയുവാനായല്ലോ ജീവിതമെന്നൊരീ
ഭ്രമണപ്രഹേളിക തൻ നിൽക്കാത്ത ഉഴറലുകൾ

എന്നെ ഞാനാക്കുന്നതെന്തെന്നു പോലു-
മിങ്ങറിയാതെയുള്ളൊരീ ജീവപ്രയാണത്തിൽ

ആരാരു കേമനെന്നാലേഖനം ചെയ്താൽ
മാത്രമേ നിലനില്പും അസ്തിത്വവും ഉള്ളു
എന്ന് പ്രഘോഷണം ചെയ്യുവോരറിയുന്നോ

 എല്ലാം ക്ഷണികം കണികാമയം
പിന്നെ സ്വാർത്ഥരാം ജീനുകളുടെ നിസ്വാർത്ഥ പരമ്പരം


                                                                                                                      ധന്യ. കെ. സി.  

  

കൂട്ടുകാർ



കൂട്ടുകാർ

        എങ്ങു നിന്നൊക്കെയോ വന്നു ചേരുന്നവർ 
        എങ്ങാണ്ടൊക്കെയോ പോയിടേണ്ടോർ 
        ആരെന്നുമെന്തെന്നും അറിയാതെയാണല്ലോ 
        കൂട്ടു കൂടുന്നു നാമാദ്യമൊക്കെ 
        പോയി പഴകുമ്പോൾ ഉള്ളിൽ തെളിയുന്നു 
        ആരൊക്കെ കൂടണം ജീവിതത്തിൽ 


        കൂട്ടുകാരില്ലാതെ കൂട്ടൊന്നും കൂടാതെ 
        പോവില്ല മുന്നോട്ട് രസകരമായ് 
        എന്നറിയും തോറും മുറുകുന്നു ബന്ധങ്ങൾ 
        ഊഷ്മളമായി തുടർന്നീടുന്നു 
        എന്നേക്കും എന്ന് നിനക്കുന്ന കൂട്ടുകൾ 
        ഉണ്ടാമോ എല്ലാർക്കും കൂട്ടിനെന്നും 

        കൂടുന്നു പിരിയുന്നു പിന്നെയും കൂടുന്നു 
        പിരിയുന്നു പിന്നെയും കൂട്ടുകാർ നാം 
        കണ്ടതും മിണ്ടിയതും ഓർമയിൽ പോലുമേ 
        ഇല്ലാതെ കണ്ടേക്കാം വീണ്ടും തമ്മിൽ 

        കാലമുരുളും തോറും പറ്റിപ്പിടിക്കാത്ത 
        പായലുകൾ പോലെയാമോർമയെല്ലാം 
        വേഗത കൂടുമ്പോൾ ദൂരവും കൂടുമ്പോൾ 
        അകലവും മറവിയും കൂടെ കൂടും   

                                                                                                               ധന്യ. കെ. സി.